Wednesday, October 9, 2013

ചില പൂച്ച വിശേഷങ്ങൾ

പൂച്ചയ്ക്കാര് ' മണി 'കെട്ടും എന്ന് കേട്ടിട്ടുണ്ട്. പൂച്ചക്കാരു 'ഡോളർ'കെട്ടും എന്ന് കേട്ടിട്ടുണ്ടോ . അക്കഥ അമ്മച്ചി പറഞ്ഞു തരാം .




കഴിഞ്ഞാഴ്ച ഞാൻ റോയിച്ചന്റെ അടുത്ത് പോയാരുന്നു  . ഞങ്ങൾ അവിടെ ചെന്ന് വിശേഷങ്ങള പറയാൻ തുടങ്ങുവേം , ബീന ഓടി വന്നു പറയുവാ            " അമ്മച്ചി , ഒന്ന് പതുക്കെ പറ, ഇല്ലേൽ സാറ ഉണരും " . ഞാൻ കരുതി ബീനെടെ അനിയത്തീം കൊച്ചും വന്നിട്ടുണ്ടെന്ന്. ആ കൊച്ചിനെ ഞാൻ കണ്ടിട്ടും ഇല്ല, അവരങ്ങ് ഫ്ലോരിടായില താമസം.  മുറിൽ   ചെന്ന് നോക്കിയപ്പം ഒരു മൂലക്കു ഒരു കൊച്ചു കിടക്കേം അതെലൊരു കൊച്ചിനെ പുതപ്പിച്ചു കിടത്തിയതും കണ്ടു.  മൊകമൊന്നു കാണാന്ന് കരുതി പുതപ്പു മാറ്റുവേം  എന്റെ മേത്തേക്ക് ഒരു പൂച്ച ഒറ്റച്ചാട്ടം. ഞാൻ നിലവിളിച്ചു പോയി , എന്റെ നല്ല ജീവനങ്ങ് പോയെന്നു പറഞ്ഞ മതിയല്ലോ.  

അപ്പോഴേക്കും വന്നല്ലോ വനമാല  ബീന,  അമ്മച്ചി എന്നാ പണിയാ കാണിച്ചെന്ന് ഇപ്പൊ ഉറങ്ങിയാതെ ഉണ്ടാരുന്നൊല്ല് എന്നും  പറഞ്ഞോണ്ട്.  ഒരു പൂച്ചയല്ലേ , കൊച്ചുങ്ങളൊന്നും അല്ലാലോ എന്ന് ഞാൻ അറിയാതെ ചോദിച്ചു പോയി.  അല്ല ഞാൻ ചോദിച്ചതിൽ തെറ്റുണ്ടോ , നിങ്ങൾ തന്നെ പറ. എന്തായാലും മാത്തുകുട്ടി ഇടപെട്ടൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല.    റോയിച്ചന്റെ മോൻ രെക്സിന്റെ ഒറ്റ നിർബന്ദാത്രെ ഈ പൂച്ചയെ വാങ്ങിയത്. അവന്റെ കൂട്ടുകാർക്കെല്ലാം പെറ്റ്സ് ഉണ്ട് , അവനും വേണം അതുപോലൊരെണ്ണം.  എന്തായാലും ചെക്കനൊരു കൂട്ടായീന്നു ഞാനും വിചാരിച്ചു.  

രാത്രി ചോറ് കഴിഞ്ഞപ്പോ കുറച്ചു മീങ്കറി ബാക്കിയുന്ടരുന്നു. ഞാൻ അതെടുത്തു ഒരു പാത്രത്തിലാക്കി പൂച്ചക്ക് കൊടുത്തു. അത് കണ്ടു വന്ന ബീന അതെടുത്തു വൈസ്റ്റ്‌ ബാസ്കട്ടെലോട്ടു ഒരു തട്ട്. പിന്നെ അവിടെ നടന്നത് പറയാൻ എനിക്ക് ശക്തി  പോര മക്കളെ .  അമ്മചിയെപോലെ അലവലാതി അല്ല അവളുടെ പൂച്ചയെന്നാ അവൾ എന്റെ മുകത്ത് നോക്കി പറഞ്ഞെ.  1200 ഡോളർ കൊടുത്തു വാങ്ങിയതാണ് പോലും അതിനെ.  പ്രത്യേകം കിടക്ക, ഷീറ്റ്, പാത്രം. ചീര്പ്പു , ബ്രഷ്  എന്നുവേണ്ട , കഴിക്കാൻ പോലും എന്തോ പാക്കറ്റ് ഫുഡ് ആണ്.   തിന്നേന്റെ ബാകിയൊന്നും കൊടുക്കാൻ പാടില്ല, അതിനു അസുകം വരുമത്രേ. കൊച്ചിനെക്കളും ചെലവ മാസം ആ ജന്തുനെ  നോക്കാൻ. പൂച്ചക്കും വേണം ഇൻഷുറൻസ്.  

അമ്മച്ചിടെ ആയകാലത്ത് ഇത് പോലെ എത്ര എന്നതിനെ നോക്കിയതാ . 5 പിള്ളേരും പില്ലേരേക്കാൾ വാശിയുള്ള അച്ചായനും , വയ്യാണ്ടായ അപ്പച്ചനും അമ്മച്ചിം , നെല്കൃഷിം,   കരകൃഷിം , ആടും താറാവും , കോഴികളും പട്ടിം പൂച്ചേം ഒന്നും പറയണ്ട. ഇപ്പൊ ഒര്ക്കുംബം എനിക്ക് തന്നെ  അതിശയമ .   എല്ലാരും തിന്നെച്ചു വല്ല മുള്ളോ, ചാറോ ബാക്കിയോന്ടെൽ അതെ കുറച്ചു ചോറും ചേർത്ത് കുഴച്ചു വച്ച് കൊടുത്താ പട്ടിം പൂച്ചേം സന്തോഷത്തോടെ നക്കി തിന്നുവാരുന്നു. അതുങ്ങക്കൊന്നും ഒരു അസുകോം പിടിക്കുവേം ചെയ്തിട്ടില്ല. 

ഇവടിപ്പം അങ്ങനെ വല്ലോ ആണോ . സ്വന്തം കൊച്ചിനെ ഇതുപോലെ നോക്കികണ്ടിട്ടില്ല.  അതിനെ പല്ല് തേപ്പിക്കണം, എന്തോ ഷാമ്പൂ വച്ച് കുളിപ്പിക്കണം , തോർത്തനം , തിന്നാൻ കൊടുക്കണം . അതെല്ലാം കഴിഞ്ഞേ ബീന ജോലിക്ക്  പോകു.   റെക്സ് രാവിലെ എണീറ്റ് തനിയെ പല്ലും തേച്ചു സീരിയലും കഴിച്ചു സ്കൂളിൽ പൊക്കോളും. സ്വന്തം മോന്റെ കാര്യം ശ്രദ്ധിക്കാൻ സമയമില്ല. ഇതെല്ലം കാണുമ്പോ എനിക്ക് കാലെന്നിങ്ങനെ അരിശം കേറി വരും. പിന്നെ രോയിച്ചനെ കരുതി മാത്രം മിണ്ടാതിരിക്കും. 

ആണ്മക്കളെ സ്നേഹമുള്ള അമ്മമാർ മരുമകളോട് അടികൂടരുതെന്നാണ് എന്റെ അമ്മച്ചി എന്നെ പഠിപ്പിച്ചേ . ശരിയന്നു എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. നമ്മൾ അവളോട്‌ എന്തേലും പറഞ്ഞ ഉടനെ തന്നെ അത് പൊലിപ്പിച്ചു കെട്ടിയോന്റെ തലേക്കെരും .  അവര് തലപെരുത്തു വിട്ടിന്നെറങ്ങി പോകും. അതാ അമ്മച്ചി പറഞ്ഞെ ആണ്‍ മക്കൾക്ക്‌ സ്വൈര്യം വേണേൽ നമ്മൾ മിണ്ടാതിരുക്കുന്നത ബുദ്ധി . അടക്കാൻ പറ്റില്ലേൽ ഞാൻ ബൈബിൾ എടുത്തു വായിക്കും. 

ഇത് പറഞ്ഞപ്പഴ ഓർത്തെ,  വീട്ടിലെ പുതിയ മരുമോളെ കൊണ്ട് പൊറുതി മുട്ടിയപ്പം എന്റെ വല്യമ്മച്ചി എന്താ ചെയ്തെന്നറിയാമോ ഒരു പട്ടിയെ വാങ്ങി അവള്ടെ  പേരിട്ടു . മരുമോള് പോരിനു വരുമ്പോ വല്യമ്മച്ചി വീടിനു പുറത്തിറങ്ങി തുടങ്ങും " എടി , പട്ടി  നീയെന്തടി വെറുതെ കൊരക്കുന്നെ , തൂക്കിയെരിഞ്ഞു കളയും ഞാൻ  . കൊരക്കാണ്ട് വാലും മടക്കി നിന്നോ അല്ലേല ഒരു വറ്റു തിന്നാൻ തരില്ല  "  അയലോക്കാര് വിചാരിക്കും പട്ടിയെ പറയുന്നതാണെന്ന്. മരുമോക്കൊന്നും പറയാനും പറ്റില്ല.  അമ്മച്ചിക്ക് സമാധാനോം ആവും.  

അമ്മച്ചി പറഞ്ഞു വന്നത് ഇവിടത്തെ കാര്യമല്ലേ. ഇനിം ഉണ്ട് ഒരു കാര്യം. നമ്മടെ വീട്ടിലെ പുച്ചക്കോ പട്ടിക്കോ വയസ്സയാലോ വയ്യണ്ടയാലോ അവടെ കിടന്നു ചാകും അത്ര തന്നെ. ഇവിടെ അങ്ങനെ അല്ല കേട്ടോ  എന്താണ്ടൊരു *പേരുണ്ട് , ദയാവധം മാതിരി എന്തോ ആണ് ( ടീന മോൾ പറഞ്ഞു തരും കേട്ടോ) രേക്സിന്റെ കൂട്ടുകാരൻ ചെക്കന്റെ വീട്ടില് ഞങ്ങൾ പോയാരുന്നു. അവടെ ചെന്നപ്പോ ആകപ്പാടെ ഒരു സൈലെൻസ് .  അവരുടെ നായയെ മുറിൽ കിടത്തി കുറെ പേര്ചുറ്റിനും നിക്കുന്നുണ്ട്. കുറച്ചു പേര് വന്നു പോകുന്നു. കൂട്ടുകാരൻ കരയുന്നുണ്ട്. ഡോക്ടര വന്നു എന്തോ മരുന്ന് കുത്തി വച്ച് കുറച്ചു കഴിഞ്ഞപ്പം അത് ചത്തും പോയി.  അതിനെ ഇങ്ങനെ കൊല്ലണ്ട കാര്യം ഉണ്ടോന്ന ഞാൻ ചോദിച്ചേ. ഇത് വേദനയറിയാതെ കൊല്ലുമത്രെ.  

അതേപോലെ എന്തേലും ഉണ്ടാരുന്നേൽ ആരും നോക്കാനില്ലാത്ത വയസന്മാര്ക്കും വയസ്സികൾക്കും വേദനിക്കതെയും വേദനിപ്പിക്കതെയും പോകാരുന്നു .   മരുമക്കടെ  കൈയീന്നു വെള്ളം കുടിച്ചു മരിക്കണേ , വല്ല പൂച്ചയോ പട്ടിയോ ആയി ജനിക്കേണ്ടി വരും. 

*  Euthanasia