Monday, September 23, 2013

അമ്മച്ചിയും അമേരിക്കയും

എന്റെ മക്കളേ, അമ്മച്ചി ആദ്യായിട്ടാ ഇങ്ങനത്തെ ഒരു കാര്യത്തിനു പുറപ്പെടുന്നത് . ഇങ്ങു അമേരിക്കായിൽ വന്നു ജീവിതം ബോറടിച്ചു തുടങ്ങിയപ്പോഴാ,  രണ്ടാമൻ മാത്തുകുട്ടിയുടെ കൊച്ച് ടീനമോൾ  ചോദിച്ചത് " അമ്മച്ചിക്ക് ബ്ലോഗ്‌ എഴുതിക്കൂടെ   എന്ന് " . അത് കേട്ടപ്പം ഞാൻ കരുതിയത്‌ ചുമരേൽ പരസ്യം എഴുതുന്ന മാതിരി എന്തോ എര്പാടാനെന്നു.  പിന്നെ അവൾ കുറെ ബ്ലോഗ്ഗുകൾ എടുത്തു കാണിച്ചു തന്നേച്ചു പറഞ്ഞു " അമ്മച്ചി ഇതേപോലെ എന്തേലും എഴുതി വചെച്ച മതി ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം  "  എന്ന്.

പണ്ട് നാട്ടിലായിരുന്നപ്പോ , അന്തോനിച്ചന്റെ കടേലെ പറ്റുബുക്കേൽ പറ്റു കുറിക്കുമെന്നല്ലാതെ  എഴുത്തുമായിട്ടു എനിക്ക് ഒരു ബന്ദൊമില്ല. എങ്കിലും ഒരു കൈ നോക്കാമെന്ന് ഞാനും വിചാരിച്ചു . ഒന്നുമില്ലേൽ ഈ ഭൂമി മലയാളത്തിൽ ആരോടേലും ഇത്തിര വർത്താനം പറയാല്ലോ .  അല്ലേലും ഈ മാതുകുട്ടീടെ അടുത്ത് വന്ന വല്യ ബോറാന്നെ.  അവനും അവളും രാവിലെ തന്നെ പോകും. കുളിക്കേം വേണ്ട ഒന്നും തിന്നുവേം വേണ്ട  . കുറെ സെന്റും പൂശി നടന്നോളും . അല്പമെലും സ്നേഹമുള്ളത് എന്റെ ടീനമോൾക്ക.  അവള്കും ഒന്നിനും സമയമില്ല.

ഇന്നും നേരം വെലുതപ്പോഴേ എല്ലാരും പോയി. ഇനി ഇരുട്ടീട്ടെ വരൂ. അതുവരെ ഞാൻ ഒറ്റക്കാ. മാത്തുകുട്ടി ഇപ്പോഴല്ലേ ഇങ്ങു അമേരിക്കയിൽ വന്നത്. അവനു പൈസേടെ കുറച്ചു കുറവും ഉണ്ടേ . ഭാര്യേം ഭർത്താവും ഒവെർറ്റൈമും കഴിഞ്ഞു വരാൻ രാത്രിയാവും.  പിന്നെ പെങ്കൊച്ചു ഒറ്റക്കവില്ലേ , അതാ ഞാനും കൂട്ടിരിക്കുന്നെ.

  ആരും നിയന്ത്രിക്കാൻ ഇല്ലാതെ വളരുന്ന കുട്ടികളല്ലേ , നമ്മടെ ദൃഷ്ടി കൂടെ വേണം .   ഈയെടെ ഒരു കറുമ്പൻ ചെക്കനുമായിട്ടു വല്യ കൂട്ടാണ് പോലും. ഒന്നേ ഒള്ളു, അത് വല്ല കടും കൈയും ചെയ്താൽ മാനമായിട്ടു പിന്നെ നടക്കാൻ പറ്റുമോ . അതാ എല്ലാം സഹിച്ചു ഞാനും നിക്കുന്നെ.   ഇതെല്ലം ഇട്ടേച്ചു നാട്ടീ പോയി നിക്കന്നു വച്ചാ വല്ലോം നടക്കുമോ .  അവിടെ മാതുക്കുട്ടിക്കു എന്നാ ജൊലി കിട്ടാനാ . അതും ഉള്ളതല്ലേ.  എന്നാലും സഹി കേടുമ്പം അവൻ പറയും  " എന്റെ കർത്താവെ , എന്റെ പെങ്കൊച്ചിനു ഒരു നല്ല ബന്ദം നടത്തി തരണേ , എന്നാ പിന്നെ എല്ലാം കെട്ടി പെറുക്കി നാട്ടീ പോയി സമാധാനമായിട്ട് കഴിയാമല്ലോ "   അത് കേക്കുംബം ഞാൻ പറയും " വിഷമിക്കെണ്ടട കുഞ്ഞേ   എല്ലാം കർത്താവു തമ്പുരാൻ നടത്തി തരും " എന്ന്.

ഇത് വല്ലോം നാട്ടീ പറയാൻ പറ്റുമോ ?  ഞങ്ങടെ ഒരു അയൽക്കാരി ഉണ്ട് മറിയ. വല്യ കണ്നുകടിക്കാരിയ. ഇങ്ങനെ വല്ലതും അവടെ ചെവീചെന്നാ പിന്നെ തല പൊക്കി നടക്കേണ്ടി വരില്ല.  നാട്ടി ചെല്ലുമ്പോ അവള് കുത്തി കുത്തി ഓരോന്ന് ചോദിക്കും . പണ്ടെന്നോ ഒരിക്കൽ ഞാൻ അവളോട്‌ റോയിച്ചന്റെ ഭാര്യ ബീനെടെ വീട്ടുകാരെ  പറ്റി എന്തോ ഒന്ന് പറഞ്ഞു പോയി. അവളതു സൂക്ഷം പോലെ ബീനെടെ ചെവിയിൽ തന്നെ എത്തിച്ചു. പിന്നെ എനിക്ക് കിടന്നുറങ്ങാൻ പറ്റിയോ ? എന്നാ പുകിലായിരുന്നു .  രോയിച്ചനും ചോദിച്ചു " അമ്മച്ചിക്ക് ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ ? ബുദ്ധിയുള്ള   ആരേലും ചെയ്യുന്ന പണിയാണോ . എന്റെ ഒള്ള സൌയിരിയം കളഞ്ഞപ്പോ അമ്മച്ചിക്ക് സമാധാനം ആയോ " എന്ന്.  പെന്നുമ്പില്ലെ പേടിച്ചു ജീവിക്കാൻ അവനോടു ഞാൻ പറഞ്ഞോ ?  ബീനെടെ മൊകം മാറിയാ തലയനക്കീഴിൽ ഒളിക്കുന്നവന എന്നോട് യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെ .  പോയി അവടെ  സാരിപ്പുറകിൽ ഒളിചോളൻ പറഞ്ഞു ഞാൻ.

 ഞാനിതൊക്കെ എഴുതീന്നരിഞ്ഞാൽ പിന്നത്തെ കഥ പറയണ്ട.  റ്റീനമൊലാ പറഞ്ഞെ അമ്മച്ചിക്ക് തോന്നുതതെല്ലാം എഴുതിക്കോ , ആരേം കാണിക്കാതെ അവൾ നോക്കിക്കൊലമെന്നു.  വല്യ ധൈര്യക്കരിയ , അപ്പാപ്പന്റെ തനി പകർപ്പാ.  ഇത്രേം  ധൈര്യം ഞങ്ങടെ കുടുമ്പത്തി വേറാർക്കും ഇല്ല. ഒന്ന് വിചാരിച്ച അതെ നടത്തു . ഒരിക്കൽ മാല പൊട്ടിക്കാൻ വന്ന കള്ളനെ ഒറ്റക്കല്ലേ  അടിച്ചു താഴെയിട്ടത്.  പെപ്മ്പില്ലെർക്കിത്ര അഹമ്മദി പാടില്ലെന്ന് പറഞ്ഞു അന്നമ്മ നല്ല കിഴുക്കും കൊടുത്തു. പക്ഷെ ഒരിറ്റു കണ്ണീരു പോലും അവടെ മോകത്തു വന്നില്ല. ആണായിട്ടും പെന്നായിട്ടും ഇതുക്കൂട്ടു ഒന്ന് മതി. പകലത്തെ പഠിത്തോം കഴിഞ്ഞു Mc.Donald ൽ വിളമ്പിക്കൊടുക്കുന്ന ജോലിക്കും പോയ്കൊണ്ടിരുന്നത,  പക്ഷെ നല്ല കുടുംബത്തില പിറന്ന പിള്ളേർ ഈ പണിക്കൊന്നും   പോകേണ്ടാന്നും പറഞ്ഞു അന്നമ്മ തടഞ്ഞു വച്ച്.  ആ സമയത്തും കൂടെ പഠിച്ചു നല്ല ജോലി കിട്ടിയാലല്ലേ ഒരു ബന്ദം പിടിക്കാൻ പറ്റു .  മാതുകുട്ടിക്കും അന്നാമ്മക്കും ഇപ്പോഴും അതാ ആധി.

നിങ്ങടെ അറിവെലെങ്ങനും നല്ല കുടുംബതീന്നുള്ള ചെക്കന്മാരുന്ടെൽ അമ്മച്ചിയോട്‌ പറ. നല്ല കുടുംബോം പഠിത്തോം വേണം അത് പ്രധാനമ. എന്റെ കൊച്ചയിട്ടു പറയുവല്ല , നല്ല പിടിപ്പുള്ള കൊച്ചാ കേട്ടോ, കിട്ടിയാലും കെട്ടിയാലും നിങ്ങടെ ഭാഗ്യം എന്നേ ഞാൻ പറയൂ.

കുറെ സമയമായി മക്കളേ, അമ്മച്ചി കുറച്ചു കിടക്കട്ടെ. ഇപ്പൊ പണ്ടത്തെ പോലെ വയ്യ. എത്ര പേര്ക്ക് വച്ച് വിലംബിയിട്ടുല്ലതാണെന്ന് അറിയാമോ? അന്നൊന്നും നടൂ നിവര്താൻ സമയം കിട്ടിയിട്ടില്ല . ഒന്ന് കഴിഞ്ഞ അടുത്തത് അങ്ങനെ പിടിപ്പതു പണിയല്ലയിരുന്നോ  ..  ഇപ്പോഴും വെറുതെ ഇരിക്കുന്നത് എനിക്ക് മടുപ്പാ. മാത്തുകുട്ടി പറയും " അമ്മച്ചി ആയ കാലത്ത് കുറെ കഷ്ടപെട്ടതല്ലേ , ഇനി റസ്റ്റ്‌ എടുതോന്നു " . എനിക്കെപ്പോഴും മേലനങ്ങി എന്തേലും ചെയ്യണം , അല്ലേൽ ഒരു വല്ലയ്കയാ .

ഞാനിവിടെ ആദ്യം റോയിച്ചന്റെ അടുത്താ വന്നെ . നോക്കിയപ്പോൾ  അവരടെ  വീടിന്റെ പിറകിൽ ഇച്ചിര സ്ഥലം വെറുതെ കിടക്കുന്ന കണ്ടു.  ഇവിടെ എല്ലാം വല്യ വേല കൊടുത്തു വാങ്ങുവല്ലേ, ഉള്ള സ്ഥലത്ത് എന്തേലും മുളകോ തക്കാളിയോ നട്ടു സഹായിക്കാമെന്ന് ഞാനും കരുതി. അവിടെ ഉണ്ടായിരുന്ന പുല്ലെല്ലാം ചെത്തി മാറ്റി ഞാൻ കുറച്ചു വിത്തിട്ടു , വെള്ളോം ഒഴിച്ചു. വൈകുന്നേരം ബീന വന്നു എന്റെ മേലേക്ക് പാഞ്ഞു കേറിയപ്പോഴല്ലേ  അറിയുന്നെ , അവരതു വില കൊടുത്തു വച്ച പുല്ലാണ് പോലും.  എനിക്കൊന്നും മനസിലായില്ല, ഈ പുല്ലു വച്ച സ്ഥലത്ത് വല്ല ചെടിയും നട്ടൂടെ, ഒരു തണ്ട് കരിവേപ്പിലയോ , മുളകോ കിട്ടിയാൽ ആ കാശു ലാഭമായില്ലെ  . അതിനു പകരം ദേണ്ടെ കാശു കൊടുത്തു പുല്ലു വച്ചിരിക്കുന്നു. ന്നാല് കാശു കൂടുതലുണ്ടെന്ന അഹങ്കാരം അവക്ക് പണ്ടേ  ഉണ്ട്.  എന്നും കരുതി ഇങ്ങനെ കൊണ്ട് കളയണോ ?  എനിക്കിതൊന്നും കണ്ടു സഹിക്കാൻ പറ്റില്ല .  പിന്നെ രോയിച്ചനെ ഓർത്ത് അധികം ഒന്നും പറയാൻ പോയില്ല. 

പിറ്റെന്നയപ്പോ റോയിച്ചൻ എന്നേ വിളിച്ചു പുതിയ ഒരു കാര്യം കാണിച്ചു തന്നു. "  Farm villa "   അതാണ് സാധനം. എന്നിട്ട് എന്നേട് പറയുവ " ഇനി ഇതാണ് അമ്മച്ചിയുടെ കൃഷിസ്ഥലം .  അമ്മച്ചി ഇതേ l വെതക്കുവോ , കൊയ്യുവോ എന്നാ വേണേലും ചെയ്തോ ,  ആരും ഒന്നും പറയില്ല. അമ്മചിടുടെ ഇഷ്ടത്തിന് എന്ത് വേണേലും കൃഷി ചെയ്യാം "   റോയിച്ചന്റെ മൂത്ത മോൻ  Rex ഇപ്പോഴും ഇതെലാ . ഇതാവുമ്പോ കൈയേൽ ചെളിയും ആവില്ല , പുഴും വരില്ല  . 

  ഞാൻ ഒന്നേ ചൊദിചൊല്ലൂ ,      " എല്ലാം നല്ലത് തന്നെ , പക്ഷെ ഇതേൽ വിളയുന്നത് നമുക്ക് തിന്നാൻ പറ്റുമോ ?  ".  ആരും ഒന്നും പറഞ്ഞില്ല.