Friday, October 11, 2013

ചിറകൊടിഞ്ഞ കിനാവുകൾ


 എനിക്കൊരു സ്വപ്നം ഉണ്ട് . കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അമ്മച്ചിക്ക് ഇതു എന്നതിന്റെ കേടാ എന്നല്ലേ നിങ്ങക്കിപ്പം തോന്നുന്നത്. സ്വപ്‌നങ്ങൾ മുഴുവൻ ചെറുപ്പക്കാർക്ക് മാത്രം അവകാശപ്പെട്ടതെനെന്നാണ് പലരുടെയും വാദം. അമ്മച്ചി നിങ്ങടെ സ്വപ്നങ്ങൾ കട്ടെടുക്കാൻ വന്നതല്ല മക്കളെ. നിങ്ങടെയോന്നും സ്വപ്നത്തിൽ പോലും ഞാൻ വരില്ല എന്നെനിക്കറിയാം. എന്നെ സ്വപ്നത്തിൽ കണ്ട ഒരാളെ ഈ ലോകത്തിൽ ഉണ്ടായിരുന്നോല്ല്, എന്റെ കുഞ്ഞുഞ്ഞച്ചായൻ.  ഇന്നത്തെപോലെ ഫോണോ , നെറ്റോ ഒന്നും അന്നുണ്ടായിരുന്നില്ലലോ . ഞങ്ങൾ പരസ്പരം കണ്ടിരുന്നത്‌ മുഴുവൻ സ്വപ്നത്തിലായിരുന്നു . പലതും കണ്ടു പാതിയുറക്കത്തിൽ   നിന്നും  ഞെട്ടി ഉണരും. അടുത്തുകിടക്കുന്ന അമ്മച്ചി ഉറക്കത്തിലാണോ എന്ന് ഉറപ്പിക്കും.  അതിനൊരു കാരണം ഉണ്ട് .

 ചെറുപ്പത്തിൽ  ഞാൻ നല്ലോണം പേടിസ്വപ്നങ്ങൾ കണ്ടു നിലവിളിക്കുമായിരുന്നു . ഒരു ദിവസം അമ്മച്ചി പറഞ്ഞു ഇനി മുതൽ കുഞ്ഞിന്റെ സ്വപ്‌നങ്ങൾ തന്നെയാ അമ്മച്ചിയും കാണുന്നത്. പേടിക്കാതെ ഉറങ്ങിക്കോ, ആരും ഇനി പേടിപ്പിക്കാൻ വരില്ല എന്ന്. എന്തായാലും ഞാൻ അന്ന് മുതൽ പേടി സ്വപ്‌നങ്ങൾ കണ്ടിട്ടില്ല.  പക്ഷെ കുഞ്ഞുഞ്ഞച്ചായൻ സ്വപ്നത്തിൽ വരാൻ തുടങ്ങിയത് മുതൽ എനിക്ക് സംശയം , എന്റെ അതെ സ്വപ്നം തന്നെയാണോ അമ്മച്ചിയും കാണുന്നത്.  ചോദിയ്ക്കാൻ പറ്റില്ലാലോ . പിന്നെ സ്വപ്നം കണ്ടാൽ ഉടൻ എണിറ്റു അമ്മച്ചിയുടെ മുകത് നോക്കുന്നത് പതിവാക്കി. പക്ഷെ ഇടയ്ക്കിടയ്ക്ക് അമ്മച്ചിയുടെ മുകത്തും ഒരു ചെറു ചിരി ഇല്ലേന്നൊരു സംശയം.  കല്യാണം കഴിഞ്ഞതും കുഞ്ഞുഞ്ഞച്ചായനോട് ആദ്യം ചോദിച്ചത് എന്റെ അമ്മച്ചിയെ സ്വപ്നത്തിൽ കാണാറുണ്ടോ എന്നായിരുന്നു .  

പണ്ട് ഞാനൊരു സ്വപ്നജീവിയയിരുന്നെന്ന അമ്മച്ചി പറഞ്ഞിരുന്നത്. ആടിനെ തീറ്റാൻ പോയാലും  അവിടെ നിന്ന് സ്വപ്നം കാണുമായിരുന്നു.  പിന്നെ പിന്നെ സ്വപ്നങ്ങൾ കാണാതെയായി. കിടന്നതെ ഓര്മ ഉണ്ടാവൂ . രാവിലെ എനിട്ടാൽ ജോലികൾ തുടങ്ങുകയയില്ലേ , പിന്നെവിടെ കാണാതായ സ്വപ്നത്തെ തേടി നടക്കാൻ സമയം. ജീീവിതം ഒരു കരക്കടിപ്പിക്കാനുള്ള തത്രപ്പാടിലെല്ലയിരുന്നോ . ഉറക്കത്തിലല്ല , ഉണര്ന്നിരിക്കുമ്പോലാണ്  സ്വപ്നം കാണേണ്ടത് എന്നായിരുന്നു കുഞ്ഞുഞ്ഞച്ചയാൻ പറയാരുണ്ടയിരുന്നത്. 

വയസ്സായി വെറുതെ ഇരിക്കാൻ തുടങ്ങിയപ്പോൾ പണ്ട് കാണാതായ സ്വപ്നങ്ങളെ ഞാൻ തേടി പിടിച്ചു, പക്ഷെ ഇത്തവണ ചെറുപ്പത്തിലെ പോലെ വർണസ്വപ്നങ്ങൾ   അല്ല മരണസ്വപ്നങ്ങൾ ആണെന്ന് മാത്രം. ഇപ്പോഴത്തെ  സ്വപ്നം ഞാൻ മരിക്കുന്ന ദിവസം എങ്ങനെയാണെന്ന്  കാണാൻ കഴിയണേ എന്നാണ്.  മരിക്കുന്നത് കാണാൻ  എനിക്ക് ഇഷ്ടമല്ല . പണ്ട് ഞാൻ എന്റെ അപ്പാപ്പൻ മരിക്കുന്നത് കണ്ടിട്ടുണ്ട്. ശ്വാസം കിട്ടാതെ വലിച്ചു വലിച്ചു ചുമച്ചു തള്ളി കഷ്ടപ്പെട്ടത് കണ്ടത് മുതൽ എനിക്ക് മരണം പേടിയാണ് .  മരിച്ചു കഴിഞ്ഞിട്ടുള്ള കാര്യം ആലോചിച്ചാൽ ആ പേടി ഇല്ലല്ലോ . എന്നെ പെട്ടിക്കകത്ത് ഇങ്ങനെ കിടത്തിയിരിക്കുകയാണ്. മരിച്ചു  കഴിഞ്ഞാല  നാട്ടിലെത്തിക്കണേ എന്ന് ഞാൻ പിള്ളേരോട് പറഞ്ഞിട്ടുണ്ട്.    ഇവിടത്തെ സെമിത്തേരിയിൽ ഒരു പരിചയവുമില്ലതൊരൊദൊപ്പം കിടക്കാൻ എനിക്ക് പേടിയാ. 

ഇവിടെ മരിച്ചു കിടന്നാൽ ഒരു രസോമില്ല, എല്ലാരും വെള്ളേം ഉടുത്ത് മിണ്ടാതെയിരിക്കും. മനോരമ പത്രത്തിന്റെ മൂലേൽ ഒരു ചെറിയ ഫോട്ടോം കൊടുക്കും , പിന്നെ അച്ചന്റെ വക പള്ളിൽ ഒരു അനുശോചനോം ,   തീര്ന്നു പരിപാടി. നാട്ടീപ്പോയ അങ്ങനെ വല്ലോം ആണോ, വിമാനതാവലതീന്നു ശവമഞ്ചം ഏറ്റുവാങ്ങും മുതൽ തുടങ്ങുല്ലേ . പ്ലയിനെന്നെരങ്ങുംബം മുതൽ ബീന കരച്ചിൽ തുടങ്ങേണ്ടി വരും. വീട്ടിലൊട്ടു  ചെന്നാലോ മക്കളും മരുമക്കളും ചെറുമക്കളും ,അയലോക്കാരും ,നാട്ടുകാരും ഒരു ചെറു പൂരത്തിനുള്ള ആളുണ്ടാവില്ലേ. 

 ബീനേം അന്നമ്മേം ബിജിയുമെല്ലാം നെഞ്ഞത്തടിച്ചു എന്നെ വാഴ്ത്തിപ്പാടുന്ന  കാര്യം ആലോചിക്കുമ്പോൾ , എന്റെയിശോയെ    ഇപ്പ തന്നെ മരിച്ചലോന്നു തോന്നിപ്പോകുന്നു .. നാട്ടിലെ മതിലേ മുഴുവൻ എന്റെ ഫോട്ടോ ആയിരിക്കില്ലേ ഒട്ടിചെക്കുന്നെ. പിന്നെ കരിങ്കൊടി കെട്ടിയ ജീപ്പേൽ എന്റെ മരിപ്പു നാടൊട്ടുക്ക് വിളിച്ചു പറയും. കടകൾ മുഴുവൻ അടച്ചിട്ടു ദുഃഖം ആചരിക്കും . പത്രത്തിൽ അര പേജ് ഫോട്ടോ എങ്കിലും വരുമായിരിക്കും . അല്ലേൽ ബീനെടെ കുടുംബത്തിനു മാനക്കെടല്ലേ .  പിന്നെ എന്റെ ബ്ലോഗ്‌ ലോക കൂട്ടുകാരും പരലോകത്ത് പോയ അമ്മച്ചിയെ ഓര്ത് കരയുമായിരിക്കും അല്ലെ. , ഷെയർ ചെയ്യാൻ ഫോട്ടോ വേണേൽ ടീനമോളോട് ചോദിച്ചാൽ മതി. 

ഇക്കാര്യം ബീനയൊദ് പറഞ്ഞപ്പം അവള് പറയുവ അമ്മച്ചിക്ക് പ്രാന്താന്നു. ഇവിടെകിടന്നു ചത്താ ഇവിടെങ്ങനുമുള്ള ശേമിത്തെരി അടക്കും , അല്ലാണ്ട് നാട്ടിലേക്കൊന്നും കൊണ്ടുപോവനാവില്ലന്നു. ഇനിയെന്ത് ചെയ്യാനാ , ഇതൊരു സ്വപ്നമായിട്ടു തന്നെ കിടക്കട്ടെ അല്ലെ. എന്നാലും അവള്ക്ക് വെറുതെ എങ്കിലും ' ശരി അമ്മച്ചി ' എന്നൊരു വാക്ക് പറയാരുന്നു.