Tuesday, September 24, 2013

പള്ളിലച്ചനും പഴംകഞ്ഞിയും


ഇന്ന് ഒന്നിനും ഒരു ഉഷാറില്ല മക്കളെ. നമ്മടെ ആലപ്പാട്ടെ റോസിചെടത്തി മരിച്ചതറിഞ്ഞ്  മരവിചിരിക്കുവല്ലേ. നല്ല തങ്കക്കുടം പോലത്തെ മനസായിരുന്നു .  ഞാൻ അതുവഴി  വന്നെന്നറിഞ്ഞാ , വീട്ടില് കേറി കാപ്പി കുടിക്കാതെ പോകാൻ പാടില്ല. അതു നിര്ബന്ദമായ കാര്യമാ. എന്നെ കൊച്ചെന്നു തെകച്ചു വിളിക്കില്ല. എന്റെ ഇളയതൊരെണ്ണം അവിടെ മിഷൻ ഹോസ്പിറ്റലിൽ കുറെ കിടപ്പ് കിടന്നതാ,  ദീനം കൂടി  മരിക്കുംബം ബിൽ അടക്കാൻ പോലും കാശു ഇല്ലായിരുന്നു. അവസാനം റോസി ചേടത്തിയെ കണ്ടു പറഞ്ഞാ ഒരു നിവർതിയയതു. അന്ന് തുടങ്ങിയ ബന്ദമാ ഞങ്ങൾ തമ്മിൽ.  

കാലം എത്ര കഴിഞ്ഞു.  ചേടത്തി  എപ്പോഴും പറയുമായിരുന്നു   " കൊച്ചെ നമ്മൾ തമ്മിൽ എന്തോ മുജ്ജന്മ ബന്ദമാനെന്നു  ". കര്ത്താവിന്റെ ഓരോ പ്രവർത്തികൾ നോക്കണേ , ഇങ്ങു അമേരിക്കയിൽ വന്നപ്പോ ആരാ ഇവിടത്തെ പള്ളീലെ അച്ചൻ ? ആലപ്പാട്ടെ ജോയികുഞ്ഞു.  നാട്ടീന്നു പോരുംബം ജോയികുഞ്ഞിനു കൊടുക്കാൻ ഓണക്കമീനും മീനച്ചാരും പ്രത്യേകം തന്നു വിടും.  രോസിചെടതീടെ അതെ മനസ്സാ അച്ചനും കിട്ടിയേക്കനെ.നമ്മടെ കൂട്ടരെ ഒത്തു   ചേര്ക്കാൻ കർത്താവു നേരിട്ടയച്ചതാണെന്ന് തോന്നും .  ഞായറാഴ്ച കുര്ബനേം കൂടി വരുമ്പോ , മാത്തുകുട്ടി ഉണ്ടേൽ ഇന്ത്യൻ ഹോട്ടലിൽ കൊണ്ട് പോവും. ഒരു പ്രത്യേക പേരാ  ഹൊട്ടെലിനു , ഓർമ നിക്കില്ല . പേരെന്തായാലും അവിടത്തെ ചിക്കൻ കറി എന്നാ ഒരു ടേസ്റ്റ് ആണെന്നറിയാമോ ? മണമടിച്ചാൽ തന്നെ   നാവേൽ വെള്ളം വരും . 


 റോയിച്ചന്റെ അടുത്ത് പോയാൽ ഇതൊന്നും നടക്കില്ല . അവര്ക്ക് ഇവിടത്തെ ടേസ്റ്റ് മതി. " അമ്മച്ചി ഒന്ന് കഴിച്ചു നോക്കണം " എന്നും പറഞ്ഞു ഒരിക്കൽ  വാങ്ങി തന്നതാ.  പിസ്സയാണ് പോലും. എനിക്കതൊട്ടും പിടിക്കില്ല.  പിന്നെ ഒന്നുണ്ട് ഞാഞ്ഞൂല് പോലത്തെ ഒരു സാധനം , നൂടില്സ് .  പുഴുവിനേം , പാറ്റേം തിന്നുന്ന നാട്ടുകരുടെയാ.   കണ്ടാ തന്നെ അറയ്കും. റോയിച്ചന്റെ മോൻ റെക്സിനു അത് മാത്രം മതി. ഇതാണത്രേ ഇവിടത്തെ സ്റ്റൈൽ. നാട് കാണാതെ വളരുന്ന കൊച്ചിന് നാട്ടു രുചി പറഞ്ഞാൽ മനസിലാവുമോ ?  കുറെ പാക്കറ്റ് വാങ്ങി ഫ്രിഡ്ജിൽ കുത്തി നിറയ്ക്കും. പിന്നെ അതെടുത്തു ചുടാക്കി തിന്നും. അത്ര തന്നെ. എത്ര സംബാദിചിട്ടു എന്താ ,  നേരം വണ്ണം വായ്ക് രുചിയായി കഴിക്കാൻ പറ്റില്ലേൽ പിന്നെന്തോന്നു ജീവിതം . ഞാൻ പറയും അമ്മച്ചിക്ക് കുറച്ചു പഴംകഞ്ഞി ആയാലും മതി മോനെ.  അത് കേക്കുംബം ബീനക്ക് ദേഷ്യം കയറും  " ഈ അമ്മച്ചിക്ക് ഒരു കൾച്ചറും ഇല്ല " . മക്കളെ  പഴം കഞ്ഞി കുടിചോർക്കല്ലേ അതിന്റെ രുചി അറിയൂ. അവൽകതൊന്നും അറിയില്ല. 

അതെങ്ങനാ,  ചോറ് വച്ച വീട്ടിലല്ലേ പിറ്റേന്നു പഴംകഞ്ഞി കാണൂ .